തിയേറ്ററിൽ മികച്ച പ്രതികരണം ഏറ്റുവാങ്ങി തേരോട്ടം ആരംഭിച്ചിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം. ഇതിനിടെ സിനിമയുടെ അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. റിലീസിന് തൊട്ടുപിന്നാലെ ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. കേരളത്തിലല്ല, കാനഡയിലാണ് സംഭവം.
IPTV എന്ന പേരിലുള്ള ചാനലുകളിലൂടെയാണ് ചിത്രത്തിന്റെ വ്യാജൻ പ്രചരിക്കുന്നത്. പാരി മാച്ച് (Pari Match) എന്ന ലോഗോ ഈ വ്യാജപതിപ്പിൽ കാണാൻ സാധിക്കും. ഇവർ കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഇത്തരം വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് കുറവാണെങ്കിലും കാനഡയിലും അമേരിക്കയിലുമെല്ലാം സിനിമ റിലീസ് ചെയ്തയുടൻ തന്നെ വ്യാജ പതിപ്പുകൾ IPTVകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
സിനിമ പാൻ ഇന്ത്യൻ തലത്തിലാണ് മാജിക് ഫ്രെയിംസ് ചിത്രം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും 16 വർഷത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായാണ് ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയെന്ന വാർത്ത അണിയറ പ്രവർത്തകർക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.