30 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രമാണ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി പ്രദർശിപ്പിക്കുക.
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന വാർത്ത ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. പായൽ കപാഡിയയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ് ഈ ചിത്രം. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമ്മാണ സംരംഭത്തിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. പ്രഭ എന്ന നഴ്സിൻ്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ലേഡിബേർഡ്, ബാർബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെർവിഗാണ് മേളയിലെ ജൂറി അധ്യക്ഷ. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. മെയ് 14 മുതൽ 25 വരെയാണ് മേള നടത്തപ്പെടുന്നത്.