25 ദിവസത്തെ ഷൂട്ടിഗിന് രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന്റെ ഭാഗമാകാതെ നടൻ കുഞ്ചാക്കോ ബോബന് വഞ്ചിച്ചെന്ന ആരോപണവുമായി ‘പദ്മിനി’ സിനിമയുടെ നിർമാതാക്കൾ. സിനിമയുടെ പ്രമോഷൻ ചെയ്യുന്നതിനേക്കാൾ അദ്ദേഹത്തിന് പ്രാധാനം കൂട്ടുകാരുമൊത്ത് യൂറോപ്പിൽ ഉല്ലാസ യാത്ര നടത്തുന്നതാണെന്ന് നിർമാതാവ് സുവിൻ കെ. വർക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
2.5 കോടിയാണ് ചാക്കോച്ചൻ പ്രതിഫലം വാങ്ങിയത്. അതേസമയം സിനിമയുടെ റോ ഫൂട്ടേജ് കണ്ട മാർക്കറ്റിങ് കൺസൽറ്റന്റ് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാർട്ട് ചെയ്ത എല്ലാ പ്രമോഷനൽ പ്ലാനുകളും തള്ളികളഞ്ഞു. സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാർക്കറ്റിങ് കൺസൽറ്റന്റിനെ നിയോഗിച്ചിരുന്നതെന്നും സുവിൻ കൂട്ടിച്ചേർത്തു. ‘പദ്മിനി’ നിർമാതാക്കൾക്ക് ലാഭം നൽകിയ സിനിമയാണ്. അതിന്റെ ബോക്സ് ഓഫിസ് നമ്പേഴ്സ് എത്രയാണെങ്കിലും ഈ സിനിമ ലാഭം തന്നെയാണെന്നും സുവിൻ പറഞ്ഞു. ചിത്രീകരണത്തിനു പിന്നില് പ്രവർത്തിച്ച മിടുക്കന്മാരായ പ്രൊഡക്ഷൻ ടീമിനും സംവിധായകന് സെന്നയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു എന്നും സുവിൻ കുറിച്ചു.
എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും തിയറ്റർ പ്രതികരണം പ്രധാനമാണ്. അതിന് സിനിമയുടെ നായകന്റെ താരപരിവേഷം ആവശ്യമാണ്. പ്രതിഫലം വാങ്ങിയിട്ടും അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിലോ പോലും അദ്ദേഹം പങ്കെടുത്തില്ല. ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടു മൂന്നു സിനിമകളുടെ നിർമാതാക്കളും നേരിട്ടത്. അതുകൊണ്ട് ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എന്നും സുവിൻ കൂട്ടിച്ചേർത്തു.
അതേസമയം കുഞ്ചാക്കോ ബോബൻ സഹനിർമാതാവായ സിനിമകൾക്ക് ഇത് സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കുകയും ടിവി പരിപാടികളിൽ അതിഥിയായി എത്തുകയും ചെയ്യും. എന്നാൽ പുറത്തുനിന്നുള്ള ആളാണ് നിർമാതാവെങ്കിൽ ഈ പരിഗണനയൊന്നും ഉണ്ടാകില്ല എന്നും സുവിൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾകൊണ്ട് തന്നെയാണ് സിനിമകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തത് എന്നും സുവിൻ കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിൻസി വിൻസെന്റ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിർവഹിച്ചത്. ചിത്രം ജൂലൈ 14 ന് തിയ്യറ്ററുകളിൽ റിലീസിനെത്തുകയും ചെയ്തു.