ഓസ്കർ ജൂറി അംഗമാകാന്‍ ഇന്ത്യയിൽ നിന്ന് ആർആർആർ സിനിമയുടെ ടീമിലെ ആറ് പേർക്ക് ക്ഷണം. ക്ഷണം ലഭിച്ച അംഗങ്ങളെ അഭിനന്ദിച്ച് സംവിധായകൻ എസ് എസ് രാജമൗലി രംഗത്തെത്തി. ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻടിആർ, രാം ചരൺ, സംഗീത സംവിധായകൻ എംഎം കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ്, ചിത്രത്തിന്റെ ഛായാഗ്രാഹകൻ കെകെ സെന്തിൽ കുമാർ, പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിൾ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. എന്നാൽ സംവിധായകൻ രാജമൗലിക്ക് ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല.
ആർആർആർ ടീമിലെ ആറ് അംഗങ്ങളെ ഈ വർഷത്തെ അക്കാദമി അവാർഡ് കമ്മിറ്റിയിലേക്ക് ക്ഷണിച്ചതിൽ വലിയ അഭിമാനമുണ്ട്. താരക്, പെദ്ദണ്ണ, സാബു സാർ, ചരൺ, സെന്തിൽ, ചന്ദ്രബോസ് ഗാരു എന്നിവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൂടാതെ, ഈ വർഷം ക്ഷണം ലഭിച്ച ഇന്ത്യൻ സിനിമയിലെ മറ്റ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് രാജമൗലി ട്വീറ്ററിൽ കുറിച്ചു.
ഈ വർഷം ഓസ്കർ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന 398 അംഗങ്ങളുടെ ലിസ്റ്റ് ഓസ്കാർ അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. ആർആർആർ ടീം അംഗങ്ങളെ കൂടാതെ സംവിധായകരായ ചൈതന്യ തംഹാനെ, മണിരത്നം, കരൺ ജോഹർ, നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർക്കും ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ അക്കാദമി അംഗങ്ങളാകാനാണ് ഓസ്കാർ കമ്മിറ്റി ഇവരെ ക്ഷണിച്ചിരിക്കുന്നത്.