നടി നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ നൂറിന്റെ ചിത്രങ്ങൾ വൈറലാണ്.
ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേരാണ് ചടങ്ങിനെത്തിയത്. അഹാന കൃഷ്ണ, രജിഷ വിജയൻ, പ്രിയ വാരിയർ തുടങ്ങി സിനിമാ രംഗത്തുള്ളവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കൊല്ലം സ്വദേശിയായ നൂറിൻ മികച്ച നർത്തകിയാണ്. 2017 ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാർ ലൗ എന്ന സിനിമയിൽ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂൺ, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്.