തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും മലയാളത്തിന്റെ പ്രിയ നടി മീര ജാസ്മിനും ഒന്നിക്കുന്നു. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നയൻതാര, മാധവൻ, മീര ജാസ്മിൻ, സിദ്ധാർഥ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റൺ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച മീരാ ജാസ്മിൻ വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ലിംഗുസ്വാമി സംവിധാനം ചെയ്ത റണ്ണിൽ മാധവനായിരുന്നു മീരയുടെ നായകൻ. 19 വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും മാധവനും സിദ്ധാർഥും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മണിരത്നം സംവിധാനം ചെയ്ത ആയുധ എഴുത്തു എന്ന സിനിമയിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.
വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ടെസ്റ്റ് മനുഷ്യബന്ധങ്ങൾക്കും ക്രിക്കറ്റിനും സംഗീതത്തിനുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഗായിക ശക്തിശ്രീ ഗോപാലൻ സംഗീത സംവിധായികയായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ഏപ്രിൽ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.