പ്രണവിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മോഹൻലാൽ. “വർഷങ്ങൾക്ക് ശേഷം” എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് മോഹൻലാൽ പ്രണവിന്റെ ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ചിത്രത്തിലൂടെ ഹൃദയം ടീമായ വിനീത് ശ്രീനിവാസനും പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കും.
വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ പ്രണവിനും കല്യാണിക്കുമൊപ്പം വിനീതും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നിവിൻ പോളി, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
ഹൃദയം നിർമ്മിച്ച മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെയും നിർമ്മാതാവ്. ഇതോടെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലായിരിക്കുകയാണ്. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഏതായാലും മകന്റെ പിറന്നാൾ ദിനത്തിൽ അച്ഛൻ പ്രക്ഷകർക്ക് നൽകിയത് ഒരു സർപ്രൈസ് തന്നെയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.