മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട താരജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ വലിയ ഹിറ്റുകളാകുകയും പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇരുവരും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ശോഭന പങ്കിട്ടിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും 15 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്നത്.
മോഹൻലാലിനൊപ്പമുള്ള തന്റെ 56-ാം സിനിമയാണിതെന്നായിരുന്നു ശോഭന ഇതിനേക്കുറിച്ച് പറഞ്ഞത്. എന്നാൽ അത് തിരുത്തുകയാണ് ഒരു ആരാധകൻ. ശോഭനയ്ക്ക് കണക്ക് തെറ്റിയെന്നും 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെന്നുമാണ് സഫീർ അഹമ്മദ് എന്ന പ്രേക്ഷകൻ സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ടത്. ഇത് തെളിയിക്കുന്ന സിനിമകളുടെ പേരും വർഷവുമെല്ലാം നിരത്തിയാണ് സഫീർ ഇവ വ്യക്തമാക്കുന്നത്. അധികം വൈകാതെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
“മോഹൻലാലും ശോഭനയും, അവർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളിലൊന്നാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56-ാം സിനിമയാണെന്നും ശോഭന പറഞ്ഞു.. മുമ്പ് പല വേദികളിലും മോഹൻലാലിൻ്റെ കൂടെ 50ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞതായി കണ്ടിട്ടുണ്ട്. മോഹൻലാൽ അത് ശരി വെയ്ക്കുന്നതായും കണ്ടിട്ടുണ്ട്.
സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർത്ഥ്യം. 55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്. ഇവർ ഒരുമിച്ച് 25 സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. 1985-ൽ റിലീസായ കെ.എസ്. സേതുമാധവൻ്റെ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന സിനിമ മുതൽ 2009-ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രം. 25 സിനിമകൾ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ് ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ ഫിലിം ലിസ്റ്റിൽ തെറ്റുകൾ/തിരുത്തലുകൾ ഉണ്ടേൽ കമന്റ് ചെയ്യൂ” എന്ന് കുറിച്ച സഫീർ ഇരുവരും ഒരുമിച്ച് സിനിമകളുടെ പേരും ഇറങ്ങിയ വർഷവും ചേർത്തിട്ടുണ്ട്.