നമ്മുടെ നാട്ടിലൊക്കെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ നമ്പറുകളും ഇംഗീഷ് അക്ഷരങ്ങളുമായിരിക്കും ഉണ്ടാകുക. എന്നാൽ അവയ്ക്ക് പകരം നമുക്ക് ഇഷ്ടമുള്ളവരുടെ പേര് നമ്പർ പ്ലേറ്റാക്കി മാറ്റാൻ സാധിക്കുമായിരുന്നെങ്കിൽ അല്ലേ. എങ്കിൽ അത് സാധിക്കും. നമ്മുടെ ഇന്ത്യയിലല്ല, അങ്ങ് അമേരിക്കയിൽ. അത്തരത്തിൽ മെഗാസ്റ്റാർ മോഹൻലാലിന്റെ പേര് നമ്പർ പ്ലേറ്റാക്കി മാറ്റിയ ഒരു ആരാധകനെയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
തൃശൂർ സ്വദേശിയായ ജിജിനാണ് കഥയിലെ താരം. അമേരിക്കയിലെ കൊളറാഡോവിൽ എൻജിനീയറായ ജിജിൻ കടുത്ത മോഹൻലാൽ ആരാധകനാണ്. അങ്ങനെയിരിക്കെയാണ് തന്റെ പ്രിയപ്പെട്ട കാറിന് മോഹൻലാലിന്റെ പേരുള്ള നമ്പർ പ്ലേറ്റ് വേണമെന്ന ആഗ്രഹം ജിജിനിൽ ഉദിക്കുന്നത്. ഒട്ടും താമസിയാതെ ‘ലാലേട്ടൻ’ എന്ന പേര് നമ്പർ പ്ലേറ്റിൽ പതിക്കുകയും ചെയ്തു. തന്റെ സ്വപ്നം സഫലീകരിച്ചതിന്റെ സന്തോഷത്തിൽ നിൽക്കുന്ന ജിജിന് ലോട്ടറിലെന്നപോലെ തന്റെ പേരിലുള്ള കാറ് നേരിട്ട് കാണാൻ സാക്ഷാൻ മോഹൻലാലുമെത്തി.
എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലെ സാന്റാ ഫെയിൽ എത്തിയപ്പോഴാണ് ഒരു ഹോട്ടലിൽ വെച്ച് മോഹൻലാൽ ജിജിനെ കണ്ടുമുട്ടുന്നത്. നമ്പർ പ്ലേറ്റിന്റെ കാര്യമറിഞ്ഞ മോഹൻലാൽ ജിജിന്റെ കാറ് കാണുന്നതിനായി താഴെവരികയും കാറിനും ജിജിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെ അതീവ സന്തോഷത്തിലായിരിക്കുകയാണ് ജിജിൻ. അമേരിക്കയിൽ മോഹൻലാലിൻ്റെ പേരിൽ ഇത്തരത്തിൽ പത്തോളം കാറുകളുണ്ട്.