ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിത കഥ സിനിമയായി തിയേറ്ററിലെത്തിയപ്പോൾ ജനം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബോക്സോഫീസിൽ പുതിയ ചരിത്രമെഴുതിയാണ് മഞ്ഞുമ്മൽ ബോയ്സ് വിജയക്കുതിപ്പ് തുടരുന്നത്. ആഗോളതലത്തിൽ ചിത്രത്തിന്റെ കളക്ഷൻ നൂറ് കോടിയാണ് പിന്നിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 56 കോടിയാണ് ചിത്രം വാരിയത്. വിദേശത്ത് നിന്നും 40 കോടിക്ക് മുകളിലും ലഭിച്ചു.
മലയാളസിനിമയിൽ നിന്ന് 100 കോടി ക്ലബിൽ ഇടംനേടിയ നാലാമത്തെ ചിത്രമായി ഇതോടെ മഞ്ഞുമ്മൽ ബോയ്സ് മാറി. പുലിമുരുകൻ, ലൂസിഫർ, 2018 എന്നിവയാണ് ഇതിനുമുമ്പ് മലയാളത്തിൽ നിന്ന് നൂറ് കോടി ക്ലബിൽ സ്ഥാനം നേടിയ ചിത്രങ്ങൾ. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 11 ദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയത് 15 കോടി രൂപയാണ്. അടുത്തകാലത്തൊന്നും ഒരു മലയാളസിനിമയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്.
ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര ചെയ്യുന്ന കുറച്ച് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ബാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ജീൻ പോൾ ലാൽ, ദീപക് പറമ്പോൾ, അഭിരാം രാധാകൃഷ്ണൻ, അർജുൻ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.