മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗ’ത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.
ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ ശ്രദ്ധേയനായത്. സാധാരണ സിനിമകളിൽ നിന്നും വേറിട്ട് ഭയാനകമായ ലുക്കിലുള്ള ഭ്രമയുഗത്തിന്റെ പോസ്റ്ററുകളും ടീസറും ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.