തിയേറ്ററുകളിൽ ആവേശമായി മാറുകയാണ് ‘ടർബോ’. മാസ് ആക്ഷൻ ഹീറോയായി മമ്മൂട്ടിയെത്തിയ ചിത്രം ആദ്യദിനം നേടിയത് 6.2 കോടിയാണ്. 2024ൽ ആദ്യദിനം ഏറ്റവുമധികം കലക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ഇതോടെ ടർബോ.
മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡാണ് ടർബോ തകർത്തത്. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ മമ്മൂട്ടിയെത്തുകയും ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യവും നൽകിയ സിനിമയ്ക്ക് 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. ആക്ഷന് പുറമെ കോമഡിക്കും പ്രാധാന്യം നൽകുന്ന ടർബോ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
കോടികൾ വാരിയെറിഞ്ഞ ഏഴ് ഫൈറ്റ് സീനുകളാണ് സിനിമയുടെ പ്രധാന കരുത്ത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.