പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരേട് സിനിമയാക്കാൻ ഒരുങ്ങി സംവിധായകൻ എം. എ നിഷാദ്. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നുമാണ് സിനിമയ്ക്കായുള്ള കഥ തെരഞ്ഞെടുത്തിരിക്കുന്നത്. നിഷാദ് തന്നെയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി നിഷാദും എത്തുന്നുണ്ട്.
പൂർണ്ണമായും ഒരുഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമിത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏപ്രിൽ പന്ത്രണ്ടിന് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടുമെന്നാണ് സൂചന. അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങളും അന്ന് പ്രഖ്യാപിക്കും.
ദീർഘകാലം ക്രൈംബ്രാഞ്ച് എസ്.പിയായും പിന്നീട് ഇടുക്കി എസ്.പിയായും കുഞ്ഞിമെയ്തീൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, മധ്യമേഖല ഡി.ഐ.ജിയായും ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവർത്തിച്ചതിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചത്. സർവീസിലെ അദ്ദേഹത്തിന്റെ കേസന്വേഷണങ്ങൾ ഏറെ പ്രശസ്തമാണ്.