പിന്നണി ഗാനരംഗത്തേക്ക് ചുവട് വയ്ക്കാനൊരുങ്ങി നടൻ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ 26 വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗായകന്റെ കുപ്പായമണിയുന്നത്. മലയാളത്തിലെ റൊമാന്റിക് – ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. തിങ്കളാഴ്ച നിശ്ചയത്തിനും 1744 വൈറ്റ് ആൾട്ടോക്കും ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘പദ്മിനി’ എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ പിന്നണിഗായകനാവുന്നത്. ചിത്രത്തിലെ നായകനും താരം തന്നെയാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘ലവ് യു മുത്തേ’ എന്ന് തുടങ്ങുന്ന ഗാനം വിദ്യാധരൻ മാസ്റ്ററോടൊപ്പമാണ് ചാക്കോച്ചൻ പാടിയിരിക്കുന്നത്.
വിദ്യാധരൻ മാസ്റ്ററോടൊപ്പം ഈ മനോഹര ഗാനത്തിന് ആലപിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒരു സ്വപ്നം യാഥാർത്ഥ്യമാക്കി തന്നതിന് ജേക്സ് ബിജോയിയോട് എക്കാലവും കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളായ രമേശ് പിഷാരടിയും മഞ്ജു വാരിയറുമാണ് സിനിമയിൽ പാടാനുള്ള പ്രോത്സാഹനം നൽകിയത്. എല്ലാവർക്കും ഗാനം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു
മനു മൻജിത്താണ് ‘ലവ് യു മുത്തേ’ എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പൊളിച്ചു മുത്തേ എന്നാണ് ആരാധകർക്ക് ഗാനത്തിന് കമന്റ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്മ, ഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മാളവിക മേനോൻ, അൽത്താഫ് സലീം, സജിൻ ചെറുകയിൽ, ഗണപതി, ആന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കുഞ്ഞിരാമായണത്തിന്റെ തിരകഥാകൃത്ത് ദീപു പ്രദീപാണ് പദ്മിനിയുടെ തിരക്കാഥയൊരുക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.