നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. കഴിഞ്ഞ ദിവസം തിരശ്ശീല വീണ നാല്പത്തിയൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പന്ത്രണ്ട് ദിവസം കോട്ടയം നസീറിൻ്റെ ചിത്ര പ്രദർശനം നടന്നിരുന്നു. ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ.
ദുബായിലെ പ്രധാനപ്പെട്ട സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് കോട്ടയം നസീർ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് . മുൻപും മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്കും, നിർമാതാക്കൾക്കും , സംഗീതജ്ഞർക്കും , സംവിധായകർക്കും ഇ സി എച്ച് മുഖേന ഗോൾഡൻ വിസ ലഭിച്ചിരുന്നു.
പുതിയതായി പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ചിത്രം റോഷാക്കിലെ ശശാങ്കൻ എന്ന മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു കോട്ടയം നസീർ.