ജീവനുള്ള കാലത്തോളം അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അത്രമേൽ അഭിനയമെന്ന കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് താരം കരീന കപൂർ. ‘പ്രഗ്നൻസി ബൈബിൾ’ എന്ന തന്റെ പുസ്‌തകത്തെയും സിനിമാ യാത്രയെയും സംബന്ധിച്ച് ഷാർജ രാജ്യാന്തര പുസ്തക മേളയിലെ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. 42-ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്നും താരം വ്യക്തമാക്കി.
രണ്ട് ദശകങ്ങളായി സിനിമ കരിയറിൽ നിലകൊള്ളുന്നു. ആരാധകരാണ് തന്റെ ആത്മവിശ്വാസത്തിന്റെ കാരണം. തന്നെ സ്നേഹിക്കുന്ന, പ്രോൽസാഹിപ്പിക്കുന്ന ജനങ്ങളെ താനേറെ വിലമതിക്കുന്നു. പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകം മാതൃത്വത്തിലേക്കുള്ള തന്റെ യാത്രയെ വിവരിക്കുന്നതാണ്. യഥാർത്ഥ ജീവിതമാണ് ഇതിലൂടെ താൻ പറയാൻ ശ്രമിച്ചത്. രണ്ടാം തവണയാണ് താനൊരു കുഞ്ഞിന് ജന്മം നൽകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമെന്ന നിലയിൽ ആദ്യ ഗർഭകാലം വളരെയേറെ എൻജോയ് ചെയ്തുവെന്നും തന്നെ സ്വയം സ്നേഹിക്കുന്നതുകൊണ്ടാണ് ശരീരഭാരം കുറച്ചത് എന്നും കരീന പറഞ്ഞു.
സിനിമാ മേഖലയിലുള്ളവർ ചെടികളെപ്പോലെയാണ് എന്നാണ് താൻ സങ്കൽപ്പിക്കുന്നത്. ആവശ്യത്തിന് വെള്ളവും വളവും വെളിച്ചവും സ്നേഹ പരിചരണവും നൽകിയാൽ അവ വളരും. അവർ അഭിനേതാക്കളാവട്ടെ, സംവിധായകരാവട്ടെ, ആരുമായിക്കൊള്ളട്ടെ.. ഇന്ത്യൻ സിനിമ കരുത്തിൽ നിന്നും കൂടുതൽ കരുത്തിലേക്ക് വളരുകയാണിപ്പോൾ. സിനിമയുടെ ലെഗസിയുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. തന്റെ അച്ഛനും മുത്തച്ഛനും സിനിമാ മേഖലയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയവരാണ്. അവരിൽ ഒരാളായി നിലനിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്ക് വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കരീന കൂട്ടിച്ചേർത്തു.