മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് അന്തരിച്ച നെടുമുടി വേണു. ഇപ്പോൾ നെടുമുടി വേണുവിനെക്കുറിച്ചോർത്ത് വികാരാധീനനായിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. നാളെ റിലീസിനൊരുങ്ങുന്ന ‘ഇന്ത്യൻ 2’ ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് നെടുമുടിയേക്കുറിച്ച് താരം മനസുതുറന്നത്. മലയാളത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് വേണുവെന്ന് പറഞ്ഞ അദ്ദേഹം ഇരുവരും ഒന്നിച്ചുള്ള ഓർമ്മകളും പങ്കുവെച്ചു.
“എന്റെ സിനിമാ ജീവിതത്തിൽ ഞാൻ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ‘ഇന്ത്യൻ 2’വും അതുപോലെ പ്രതീക്ഷിക്കാതെ ഉണ്ടായ യാത്രയാണ്. അറിയാവുന്ന വിദ്യകളെല്ലാം ഞങ്ങൾ ഇതിൽ പയറ്റിയിട്ടുണ്ട്. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു. ഇവിടെ നിൽക്കുമ്പോൾ നെടുമുടി വേണുവിനെ ഞാൻ മിസ് ചെയ്യുന്നു. ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. ഈ സിനിമ ചെയ്യാൻ പറ്റില്ലേ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.
എന്നാൽ സിനിമ ആഘോഷമാകുമ്പോൾ ഒരുമിച്ചിരുന്ന് സന്തോഷത്തിൽ പങ്കുചേരാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്. സിനിമയിൽ അത്ര മൂവിങ്ങായ സീനൊന്നുമല്ല നെടുമുടി വേണുവിന്റേതെങ്കിലും കാണുമ്പോൾ അദ്ദേഹം നമുക്കൊപ്പം ഉള്ളതായി നിങ്ങൾക്കും അനുഭവപ്പെടും. ഇപ്പോൾ അദ്ദേഹം ഒപ്പം ഉള്ളതായി എൻ്റെ മനസും പറയുന്നു. ഇവിടെ ആയതുകൊണ്ട് പറയുകയല്ല, മലയാളത്തിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ നെടുമുടി വേണുവാണ്” എന്നാണ് കമലഹാസൻ പറഞ്ഞത്.
1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ ചിത്രത്തിൻ്റെ ആദ്യഭാഗത്തിൽ പ്രധാന വേഷത്തിൽ നെടുമുടി വേണു അഭിനയിച്ചിരുന്നു. 28 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നത്. അസുഖബാധിതനായതിനാൽ നെടുമുടിയുടെ ചില ഭാഗങ്ങൾ എഐ സഹായത്തോടെയാണ് സംവിധായകൻ ശങ്കർ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.