ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് അശ്വിൻ-പ്രഭാസ് ചിത്രമായ ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് വെറും നാല് ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്ഷൻ 555 കോടി പിന്നിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 115 കോടിയാണ് ഇതുവരെ നേടിയത്. കേരളത്തിൽ 12.75 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 600 കോടി ബജറ്റുള്ള ചിത്രത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
റിലീസ് ചെയ്ത് ആദ്യദിനം കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകളാണ് കൽക്കി തിരുത്തിയത്. നോർത്ത് അമേരിക്ക, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. മികച്ച ദൃശ്യവിരുന്നും ഗംഭീര സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം ജൂൺ 27-നാണ് തിയേറ്ററിലെത്തിയത്.