ദക്ഷിണേന്ത്യയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. തൻ്റെ പ്രശസ്തിയും സ്റ്റാർഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്നും സിനിമ വിജയിച്ചിരുന്നില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു എന്നുമാണ് ജ്യോതിക പറഞ്ഞത്. ഫിലിം കംപാനിയൻ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതെ വയ്യ. മമ്മൂട്ടി ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ. കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, സർ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത് എന്ന്. അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, ആരാണ് യഥാർത്ഥ നായകൻ? യഥാർത്ഥ നായകൻ വില്ലനെപോയി ഇടിക്കുകയോ, ആക്ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്. പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് വിടവുകൾ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാർത്ഥ നായകൻ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് കയ്യടികൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചിരുന്നില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്’ എന്നാണ് ജ്യോതിക പറഞ്ഞത്.
കാതലിലെ മമ്മൂട്ടിയുടെ അഭിനയത്തെ സൂര്യ, സമന്ത, സിദ്ധാർത്ഥ് തുടങ്ങിയ താരങ്ങളും അഭിനന്ദിച്ചിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന ചിത്രമാണിത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.