അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ഹണി റോസ്. വെള്ളിത്തിരയിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ താരം ഇപ്പോൾ തമിഴ്-തെലുങ്ക് ചിത്രങ്ങളിലും സജീവമാണ്. സിനിമകൾക്ക് പുറമെ പൊതുപരിപാടികളിൽ താരമായി മാറിയ ഹണി റോസ് ഇപ്പോൾ തുടർച്ചയായി ബോഡി ഷെയ്മിങ്ങിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.
ഹണി റോസിന്റെ വസ്ത്രധാരണ ശൈലിയാണ് പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്നാൽ ഇപ്പോൾ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനേക്കുറിച്ച് മനസുതുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. തന്റെ ശരീരത്തേക്കുറിച്ചോർത്ത് അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും ബോഡി ഷെയ്മിങ് തന്നെ ബാധിക്കുന്നില്ലെന്നുമാണ് ഹണി തുറന്നുപറഞ്ഞത്.
“ബോഡി ഷെയ്മിങ് മോശം ചിന്താഗതിയാണ്. അത് മാറേണ്ടതുമാണ്. ബോഡി ഷെയ്മിങ് പല വേർഷനായി ഞാൻ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനിൽക്കാനും കഴിയുന്നു. എന്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എൻ്റേതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഉദ്ഘാടനവേദികളിൽ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ ആണ് ഹേറ്റ് കാമ്പയിൻ പോലുള്ള നെഗറ്റീവ് സമീപനങ്ങൾ കാണുന്നത്. ഫോണിൻ്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റീവായ അനുഭവങ്ങൾ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നുണ്ട്” എന്നാണ് താരം തുറന്നുപറഞ്ഞത്. എന്തായാലും താരത്തിന്റെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.