മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്നത് ഹേറ്റ് ക്യാംപെയ്നാണെന്ന് ഹരീഷ് പേരടി. ഇത്തരം കൂടോത്രങ്ങളെ മുമ്പും മോഹൻലാൽ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും ഇനി വാലിന്റെ തേരോട്ടമാണ് നടക്കുകയെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
“43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്.
ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബൻ്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടെന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്.. ലോക സിനിമയിലേക്ക് മലയാളത്തിൻ്റെ കയ്യൊപ്പ്” എന്നാണ് ഹരീഷ് പേരടി സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. ഹരീഷിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.