ഏറെ ആരാധകരുള്ള ഗായികയും സംഗീത സംവിധായകനും നടനുമാണ് സൈന്ധവിയും ജി വി പ്രകാശും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ സിനിമാ ലോകം ആഘോഷമാക്കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിയുന്നു എന്ന എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സത്യമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അവർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഇരുവരും വിവാഹമോചിതരായ വിവരം പ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,
‘ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെ സൈന്ധവിയും ഞാനും 11 വർഷം നീണ്ട വിവാഹബന്ധത്തിൽ നിന്നു വേർപിരിയാൻ തീരുമാനിച്ചു. വ്യക്തിപരമായ ആഴത്തിലുള്ള പരിവർത്തനത്തിലൂടെ കടന്നു പോകുന്ന ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും സുഹൃത്തുക്കളും ആരാധകരും മനസിലാക്കണം, മാനിക്കണമെന്നും അഭ്യർഥിക്കുകയാണ്. അകലുകയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് പരസ്പരം എടുക്കാവുന്ന മികച്ചൊരു തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്. നന്ദി,’ ജി. വി പ്രകാശ് കുറിപ്പിൽ അറിയിച്ചു. ഇതേ പോസ്റ്റ് തന്നെയാണ് സൈന്ധവിയും പങ്കുവച്ചിരിക്കുന്നത്.
2013–ലായിരുന്നു ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂൾ കാലം മുതലേ ഇരുവരും പ്രണയിച്ചിരുന്നു. ഇവർക്ക് അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെയാണ് ജി വി പ്രകാശ് ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സംഗീത സംവിധായകനായും നടനായും പേരെടുത്തു.