തിയേറ്ററിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ബേസിൽ ജോസഫ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ‘ഗുരുവായൂരമ്പല നടയിൽ’. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് ചിത്രം വിജയക്കുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത് വെറും അഞ്ചാം ദിവസം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍.
മെയ് 16ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം അഞ്ചാം ദിവസം വാരിയത് 50.2 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 21.8 കോടി രൂപ നേടിയപ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 4.2 കോടി രൂപ ചിത്രം നേടിയെടുത്തു. അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്ന് 24.2 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. ഗുരുവായൂരമ്പല നടയില്‍ ഹിറ്റായതിന് പിന്നാലെ കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമ മറ്റൊരു നാഴികക്കല്ല് കൂടിയാണ് പിന്നിട്ടിരിക്കുന്നത്. 2024ൽ റിലീസ് ചെയ്ത മലയാള സിനിമകൾ ലോകമെമ്പാടും നിന്നും 1,000 കോടി കളക്ഷനാണ് ഇതിനോടൊപ്പം നേടിയത്.
പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി കളക്ഷൻ പിന്നിട്ട മലയാള സിനിമ. അതിന് തൊട്ടുപിന്നിലായി സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി എന്റർടെയ്നർ എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, തമിഴ് നടൻ യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.