വ്യത്യസ്തമായ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മികച്ച നടിയായി മാറിയ താരമാണ് മലയാളിയായ നടി ഷംന കാസിം. തമിഴകത്ത് താരം പൂർണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തിന് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് മിഷ്കിൻ. അഭിനയരംഗത്തും അദ്ദേഹം സജീവമാണ്. മിഷ്കിന്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഡെവിൾ’ എന്ന ചിത്രമാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം. ഷംനാ കാസിം (പൂർണ) ആണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ പ്രചാരണ പരിപാടിയിൽ മിഷ്കിൻ ഷംനയേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സഹോദരന്റെ സിനിമയിലേക്കുള്ള വരവിനേക്കുറിച്ച് പറയുമ്പോൾ ചിത്രത്തിലെ നായിക ഷംനാ കാസിമിനേക്കുറിച്ചും മിഷ്കിൻ പരാമർശിച്ചു. ‘അഭിനയിക്കുമ്പോൾ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കൾ എന്ന് വിളിക്കാറുള്ളത്. പൂർണ അത്തരത്തിലുള്ള ഒരു അഭിനേത്രിയാണ്. ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവർ. അടുത്ത ജന്മത്തിൽ എനിക്ക് അവരുടെ മകനായി ജനിക്കണം. മരണംവരെ അവർ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. പൂർണ മറ്റുചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല. പക്ഷെ, എന്റെ ചിത്രങ്ങളിൽ ഉറപ്പായും പൂർണ ഉണ്ടാകും – മിഷ്കിൻ വ്യക്തമാക്കി.
അതേസമയം സിനിമയെ പുകഴ്ത്തുന്ന വാക്കുകൾ മിഷ്കിനിൽ നിന്നുമുണ്ടായില്ല എന്നതും ചർച്ചയായിട്ടുണ്ട്. എന്നാൽ ‘ഈ സിനിമ ശരിക്കും നല്ലതാണെങ്കിൽ മാത്രം നല്ലതെന്ന് പറയൂ. നിങ്ങളുടെ അയൽവാസികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്യൂ. സിനിമ നല്ലതാണെങ്കിൽ മാത്രമേ തിയേറ്ററിൽ വിജയം കൈവരിക്കാൻ കഴിയുള്ളു. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ സ്വന്തം ലക്ഷ്യം കാണുന്നതിൽ നിന്ന് പിന്മാറരുത്’ എന്ന് മിഷ്കിൻ സംവിധായകൻ ആദിത്യയോട് ആവശ്യപ്പെട്ടു.
വിദാർത്ഥ്, തരിഗൺ, അദിത് അരുൺ, എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. അതേസമയം മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണ് ‘ഡെവിൾ’. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.