മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. ഒരുകാലത്ത് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവരെക്കൊണ്ട് പിന്നീട് കയ്യടിപ്പിച്ച താരം. ഏതുവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് തന്റെ ഓരോ ചിത്രങ്ങളിലൂടെയും. പുഷ്പ സിനിമയ്ക്ക് ശേഷം അന്യഭാഷയിൽ വില്ലൻ വേഷത്തിൽ ഫഹദ് എത്തിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ. ചിത്രത്തിൽ അസാധ്യമായ വേഷപ്പകർച്ചയാണ് താരം കാഴ്ചവെക്കുന്നത്.
തമിഴ് പൊളിറ്റിക്കൽ ത്രില്ലർ ആണ് മാമന്നൻ. വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജാതിരാഷ്ട്രീയം പറയുന്ന ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദിന്റെ പ്രകടനത്തിന് വൻ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിന് സിനിമകളോടുള്ള ആരാധന കണ്ടാണ് മാമന്നനിൽ പ്രതിനായകനാക്കാൻ തീരുമാനിച്ചതെന്നാണ് ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജ് വ്യക്തമാക്കിയത്. സിനിമയിലെ ഫഹദിന്റെ ചലനങ്ങളും ഭാവഭേദങ്ങളും കോരിത്തരിപ്പിച്ചുവെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണം. ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ രത്നവേലിന്റെ മികച്ച പ്രകടനത്താൽ ചിത്രത്തിൽ നായകനേക്കാൾ പ്രാധാന്യം ലഭിക്കുന്നുമുണ്ട്.
ജൂൺ 29നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. പിന്നാലെ ഒടിടിയിലും ചിത്രം എത്തി. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കീർത്തി സുരേഷ് ആണ് നായിക. ലാൽ, അഴകം പെരുമാൾ, വിജയകുമാർ, സുനിൽ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എൻ ബി കതിർ, പത്മൻ, രാമകൃഷ്ണൻ, മദൻ ദക്ഷിണാമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.