തലൈവർ 170 ൽ രജനി കാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് ഈ വാർത്ത പുറത്ത് വീട്ടിരിക്കുന്നത്. കൂടാതെ ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയിൽ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചിത്രത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 32 വർഷത്തിന് ശേഷമാകും രജനികാന്തും ബച്ചനും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. തെലുങ്ക് താരം ശർവാനന്ദും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്നു.
ജയിലറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. 470 കോടിയോളം ഇതുവരെ കളക്ഷൻ നേടിയെന്നാണ് കണക്കുകൾ. ഇത് കൂടാതെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാമിലും രജനി അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മൊയ്തീൻ ഭായി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.