റിലീസിന് മുൻപും ശേഷവും വിവാദങ്ങളിൽ നിറഞ്ഞു നിന്ന ചിത്രമാണ് ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. ആദ്യ ദിവസം വൻ കളക്ഷൻ നേടിയ ചിത്രം പിന്നീട് ദിവസങ്ങൾ കഴിയും തോറും കളക്ഷനിൽ ഇടിവ് നേരിടാൻ തുടങ്ങി. തിയേറ്ററുകളിൽ നിന്ന് തുടർച്ചയായി മോശം റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരിക്കുകയാണ്.
ചിത്രം മത വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സിനി വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൂടാതെ പണമുണ്ടാക്കുന്നതിനായി മൾട്ടിപ്ലെക്സുകളിൽ നിരക്ക് കുറച്ച് ടിക്കറ്റ് വിൽക്കുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി മുംബൈ പോലീസിനും സംഘടന കത്ത് അയച്ചിട്ടുണ്ട്.
തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രം ഭഗവാൻ രാമന്റെയും മുഴുവൻ രാമായണത്തിന്റെയും പ്രതിച്ഛായ ചിത്രീകരിക്കുന്നത് തുടരുകയാണ്. കൂടാതെ മൾട്ടിപ്ലക്സുകളിൽ ഉടനീളം ടിക്കറ്റുകൾ ഡിസ്കൗണ്ട് നൽകി വിറ്റ് പണം സമ്പാദിക്കാനാണ് ഇപ്പോൾ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നത്. ഇത് രാമായണത്തെക്കുറിച്ചുള്ള പഠനത്തെയും വിശ്വാസത്തെയും കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. നിർമ്മാതാക്കളായ ടി-സീരീസും എഴുത്തുകാരൻ മനോജ് മുൻതാസിറും സംവിധായകൻ ഓം റൗട്ടും സംഭാഷണങ്ങളും വേഷവിധാനങ്ങളും കഥാ സന്ദർഭവും വളച്ചൊടിച്ചുകൊണ്ട് രാമായണത്തെ പരിഹസിക്കുകയാണ് ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളടക്കം ഒരാൾക്ക് പോലും സ്വീകാര്യമല്ലാത്ത രീതിയിലാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളതെന്ന് സിനി അസോസിയേഷൻ നൽകിയ കത്തിൽ പറയുന്നു.
എല്ലാവർക്കും സുപരിചിതമായ രാമായണത്തെ സിനിമയുടെ അണിയറപ്രവർത്തകരുടെ അഭിരുചിക്കനുസരിച്ച് പൂർണമായും വളച്ചൊടിച്ചിരിക്കുകയാണ് സിനിമയിൽ. ഈ കാരണങ്ങൾ കൊണ്ട് തന്നെ നിർമാതാവ് ഭൂഷൺ കുമാർ അടക്കമുള്ള ടി-സീരീസ് അംഗങ്ങൾ, സംവിധായകനായ ഓം റൗട്ട്, രചയിതാവ് മനോജ് മുൻതാസിർ ശുക്ല എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.