സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം നടി ലെനയുടെ വിവാഹമാണ്. പുറം ലോകത്തെ അറിയിക്കാതെ താരം വിവാഹിതയായതിനേക്കുറിച്ച് ആരാധകർ ചർച്ച നടത്തുന്നതിനിടെ ലെനയുടെയും ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത ഷെഫായ സുരേഷ് പിള്ള. ചിത്രങ്ങൾ ഇതിനോടകം വൈറലാകുകയും ചെയ്തു.
പ്രശാന്തിന്റെയും ലെനയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് സുരേഷ് പിള്ള ചിത്രങ്ങൾ പങ്കിട്ടത്. “പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോക്കും, നിങ്ങൾക്ക് നന്മ നേരുന്നു. എൻ്റെ പ്രിയപ്പെട്ട രണ്ട് കൂട്ടുകാർ, ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി. ബംഗളൂരുവിൽ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി” എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് കുറിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താൻ വിവാഹിതയാണെന്ന വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നുമാണ് ലെന വെളിപ്പെടുത്തിയത്. ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന വ്യക്തമാക്കിയിരുന്നു.