മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായ ബിഗ് ബിയിലെ ബിലാലിന്റെ മേരി ടീച്ചറെ ഓർക്കാത്തവരായി ആരുമുണ്ടാകില്ല. മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മനസിൽ ചേക്കേറിയ താരമാണ് ബോളിവുഡ് താരസുന്ദരി നഫീസ അലി. ഇപ്പോൾ തന്റെ 67-ാം ജന്മദിനം ആഘോഷിച്ച് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം.
ഒരുകാലത്ത് ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമായിരുന്ന നഫീസ, ആർട്ടിഫിഷൽ ഇന്റലിജന്റ്സ് വഴി വികസിപ്പിച്ച തന്റെ കൗമാര കാലത്തെ ചിത്രങ്ങളാണ് പിറന്നാൾ ദിനത്തിൽ ആരാധകരുമായി പങ്കിട്ടത്. “എഐ കളറാക്കി മാറ്റിയ എൻ്റെ കൗമാരകാലത്തെ ചിത്രങ്ങളാണ് എനിക്ക് ലഭിച്ച പിറന്നാൾ സമ്മാനം…നന്ദി” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976-ൽ തന്റെ 19-ാം വയസിലാണ് ഫെമിന മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1977-ൽ മിസ് ഇൻ്റർനാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയുമായി. 1979-ൽ ശ്യാം ബനഗൽ സംവിധാനം ചെയ്ത ജുനൂൻ എന്ന ഹിന്ദി ചിത്രത്തിൽ ശശി കപൂറിൻ്റെ നായികയാണ് താരം അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലാണ് നഫീസ വേഷമിട്ടത്. ഇടയ്ക്ക് രാഷ്ട്രീയത്തിലിറങ്ങിയ നഫീസ ഇപ്പോൾ ഗോവയിൽ വിശ്രമജീവിതം നയിക്കുകയാണ്. അർജുന അവാർഡ് ജേതാവായ പോളോ താരം രവീന്ദർസിംഗ് സോധിയാണ് ഭർത്താവ്.