രാമായണം പ്രമേയമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസിന് മുൻപും ശേഷവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്ത ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ നടി അപർണ ബാലമുരളി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
നടി ചെയ്യുന്ന സിനിമയായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ഒരു സീറ്റ് ഒഴിച്ചിടില്ലായിരുന്നു. സിനിമ നല്ലതാണെങ്കിൽ തീർച്ചയായും പ്രേക്ഷകർ കാണും. എന്നാൽ എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കിൽ പ്രേക്ഷകർ കാണില്ലെന്നും താരം പറഞ്ഞു. തിയേറ്ററിൽ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. അത് അവർക്കിടയിൽ മാത്രം നടന്നിട്ടുള്ള ചർച്ചകളാണ്. അവിടെ എന്താണ് നടന്നതെന്ന് അറിയില്ല. അവർക്ക് അങ്ങനെ തോന്നിയതുകൊണ്ട് അവർ അങ്ങനെ ചെയ്തു. അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ നടിയായിരുന്നു ആ ചിത്രം ചെയ്തിരുന്നതെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ല. എപ്പോഴും വിശ്വസിക്കുന്നത് നമ്മൾ ചെയ്യുന്ന ജോലി നന്നായി ചെയ്യണം എന്നാണ്. അതിന്റെ റിസൾട്ട് തീർച്ചയായും പ്രേക്ഷകരിൽ നിന്നും കിട്ടുമെന്നും അപർണ കൂട്ടിച്ചേർത്തു.
സിനിമ നല്ലതാണെങ്കിൽ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന ചോദ്യം തീർച്ചയായും ഉയരും. നല്ല സിനിമകൾ എപ്പോഴും ഏറ്റെടുക്കുന്നവരാണ് പ്രേക്ഷകർ. നമ്മുടെ പ്രേക്ഷകർ വളരെ ബുദ്ധിയുള്ളവരാണ്. സിനിമയെ നന്നായി വിലയിരുത്താൻ കഴിവുള്ളവരാണ് അവർ. ഇത്തരം കാര്യങ്ങൾ ചിത്രത്തിലേക്ക് കൊണ്ടുവന്നാൽ അത് സിനിമയെ സ്വാധീനിക്കാൻ പോകുന്നില്ല എന്നും അപർണ്ണ ബാലമുരളി പറഞ്ഞു. ഫഹദ് ഫാസിൽ നായകനായ ധൂമം ആണ് അപർണയുടെതായി ഇറങ്ങിയ പുതിയ ചിത്രം.