32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജയ് ഭീം സംവിധായകൻ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ചിത്രത്തിൽ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം മഞ്ജു വാരിയർ, ഫഹദ് ഫാസിൽ, നാനി എന്നിവരും അണിനിരക്കും.
ലൈക്ക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിന് തലൈവർ 170 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. പാൻ ഇന്ത്യ ലെവലിൽ ഒരുങ്ങുന്ന ചിത്രത്തിന് കോടികളാണ് മുതൽ മുടക്ക്. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. രജനികാന്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായാണ് മഞ്ജു എത്തുന്നത്. ചിത്രത്തിൽ ഫഹദാണ് വില്ലനായെത്തുക. 2024-ൽ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.