നടി അമല പോളിനും ഭർത്താവ് ജഗദ് ദേശായിക്കും ആൺകുഞ്ഞ് പിറന്നു. ജഗദ് തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷ വാർത്ത അറിയിച്ചത്. തങ്ങളുടെ പൊന്നോമനയുടെ പേരും ഇരുവരും വെളിപ്പെടുത്തി. ‘ഇളയ്’ എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്.
ആശുപത്രിയിൽ നിന്നും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമല പോളിന്റെ വീഡിയോ ജഗദ് പങ്കുവെച്ചിട്ടുണ്ട്. ‘ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്’ എന്ന അടിക്കുറിപ്പോടെയാണ് ജഗദ് വീഡിയോ പങ്കിട്ടത്. അമലയെയും കുഞ്ഞിനെയും സ്വീകരിക്കുന്നതിനായി വീട് മുഴുവനായും അലങ്കരിച്ചിരുന്നു.
സന്തോഷ വാർത്തയറിഞ്ഞ് സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം നടന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി പ്രവർത്തിച്ചുവരികയാണ് ജഗദ്. ഒരു അവധിക്കാല യാത്രകൾക്കിടെയാണ് ജഗദും അമലയും കണ്ടുമുട്ടിയതും പ്രണയത്തിലായതും.