നടൻ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് താരത്തിന് തുറന്ന കത്തെഴുതി സംവിധായകൻ അൽഫോൺസ് പുത്രൻ. അജിത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞതായി താൻ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ പൊതുവിടങ്ങളിൽ കണ്ടിട്ടില്ലെന്നും പറഞ്ഞ അൽഫോൺസ് പുത്രൻ അജിത് രാഷ്ട്രീയത്തിലേക്ക് ഇതുവരെ ഇറങ്ങാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും അഭ്യർത്ഥിച്ചു.
‘അജിത് സർ, ഇത് താങ്കൾക്ക് വേണ്ടിയാണ്. താങ്കൾ രാഷ്ട്രീയത്തിലിറങ്ങാൻ പോകുന്നുവെന്ന് നിവിൻ പോളിയിൽനിന്നും സുരേഷ് ചന്ദ്രയിൽനിന്നും ഞാൻ കേട്ടിട്ടുണ്ട്. താങ്കളുടെ മകൾ അനൗഷ്കയ്ക്ക് ‘പ്രേമം’ സിനിമയിലെ നിവിന്റെ പ്രകടനം ഇഷ്ടമായപ്പോൾ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും നിങ്ങൾ തമ്മിൽ സംസാരിക്കുകയും ചെയ്തതിന് ശേഷമാണിത്.
പക്ഷേ, ഇതുവരെ ഞാൻ താങ്കളെ പൊതുസ്ഥലത്തോ രാഷ്ട്രീയപ്രവർത്തനത്തിലോ കണ്ടിട്ടില്ല. ഒന്നുകിൽ അവരെന്നോട് കള്ളം പറഞ്ഞതാകാം. അല്ലെങ്കിൽ അതേക്കുറിച്ച് മറന്നുപോയതായിരിക്കാം. അതുമല്ലെങ്കിൽ താങ്കൾക്കെതിരെ ആരോ ഉണ്ട്. ഈ മൂന്ന് കാരണങ്ങളും അല്ലെങ്കിൽ എനിക്ക് ഒരു വിശദീകരണം നൽകണം, ഒരു തുറന്ന കത്തിലൂടെ. കാരണം ഞാൻ താങ്കളെ വിശ്വസിക്കുന്നു, പൊതുജനങ്ങളും’ എന്നാണ് അൽഫോൺസ് പുത്രൻ അജിത്തിനെഴുതിയ കത്തിൽ പറയുന്നത്.