‘ഗുരുവായൂരമ്പല നടയിൽ’ ഗായകനായി അജു വർഗീസ്. കേട്ടപ്പോൾ ആദ്യമൊരു ഞെട്ടൽ ഉണ്ടായിട്ടുണ്ടാവുമല്ലേ?. പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിലാണ് അജു വർഗീസ് ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അജു ആലപിച്ച ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ലിറിക്കൽ വീഡിയോ ആയെത്തിയ ഗാനം അജു വർഗീസിന്റെ ശബ്ദത്തിൽ അതിമനോഹരമായിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
‘കെ ഫോർ കൃഷ്ണ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന വിനായക് ശശികുമാറാണ് നിർവഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം. മിലൻ ജോയ്, അമൽ സി അജിത്,അരവിന്ദ് നായർ, ഉണ്ണി ഇളയരാജ എന്നിവരാണ് ഗാനത്തിന്റെ കോറസ് ഗായകർ. പാട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു അനൗൺസ്മെന്റ് വീഡിയോയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്പായിരുന്നു ലഭിച്ചത്. ഒരു ഫൺ ഫാമിലി എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരാണ് പ്രാധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. അത് മാത്രമല്ല, തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. പ്രേക്ഷകരെ മുഴുവൻ ചിരിപ്പിക്കാൻ കോമഡിയുടെ മലപ്പടക്കവുമായി മേയ് 16-ന് തിയ്യറ്ററുകളിൽ എത്തുന്ന ‘ഗുരുവായൂരമ്പല നടയിലേക്ക്’ സ്വാഗതം ചെയ്യുകയാണ് അണിയറപ്രവർത്തകർ.