കാൻസ് ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്. ഇത്തവണയും റെഡ് കാർപ്പറ്റിൽ അതിമനോഹരിയായി തിളങ്ങിയിരിക്കുകയാണ് താരം. പ്രശസ്ത ഡിസൈനിങ് സംരംഭമായ ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ മനോഹരമായ മോണോക്രോം ഗൗണിലാണ് ഐശ്വര്യ ഇത്തവണ റെഡ് കാർപെറ്റിൽ ചുവടുവെച്ചത്. കയ്യിലെ പരിക്ക് കാര്യമാക്കാതെയാണ് താരം റെഡ് കാർപെറ്റിൽ തിളങ്ങിയത്.
കറുപ്പും വെള്ളയും ഗോൾഡൻ നിറവും ഇടകലർന്ന ഗൗണാണ് ഐശ്വര്യ ധരിച്ചത്. ഗൗണിന് പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളുമുണ്ട്. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവാണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത. വസ്ത്രത്തിന് ഇണങ്ങുന്ന മേക്കപ്പും ഹെയർസ്റ്റൈലുമാണ് താരം തിരഞ്ഞെടുത്തത്. ന്യൂഡ് ഷേഡിലുള്ള പിങ്ക് ലിപ്സ്റ്റിക്കും നിറുകയിൽ നടുവിൽ നിന്ന് ഇരുവശത്തേക്കും വകഞ്ഞ് കെട്ടിയ ഹെയർസ്റ്റൈലുമൊക്കെയായി അതിമനോഹരിയായാണ് ഐശ്വര്യ റെഡ്കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, വലതുകൈക്ക് പരിക്കേറ്റതിനേത്തുടർന്ന് പ്ലാസ്റ്റർ ധരിച്ചാണ് താരമെത്തിയത്. എന്നാൽ തന്റെ പരിക്ക് കാര്യമാക്കാതെയായിരുന്നു ഐശ്വര്യയുടെ പ്രകടനം. എങ്ങനെയാണ് താരത്തിന് പരിക്കേറ്റതെന്ന കാര്യത്തേക്കുറിച്ച് വ്യക്തതയില്ല. 2002 മുതൽ കാൻ ചലച്ചിത്രമേളയുടെ ഭാഗമാകുന്ന ഐശ്വര്യയുടെ 22-ാമത്തെ റെഡ് കാർപെറ്റ് പരിപാടിയാണിത്.