രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കൽ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തെ സംബന്ധിച്ച് പുതിയൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. അവിടെ ഹനുമാൻ ചിത്രം കാണാൻ വരും എന്ന വിശ്വാസത്തിൻറെ പേരിലാണ് ഇത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാൻ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയറ്ററിലും ഹനുമാൻ എത്തും എന്നാണ് അണിയറക്കാരുടെ വിശ്വാസം.
“ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്. ആദിപുരുഷ് ടീം എല്ലാ തിയേറ്ററുകളിലും ഹനുമാന് അദ്വിതീയമായ ഇരിപ്പിടം സമർപ്പിക്കുന്നു. വിറ്റഴിക്കപ്പെടാത്ത ഈ സീറ്റുകൾ രാമഭക്തരുടെ വിശ്വാസത്തെ ആദരിക്കുന്നതിൻറെ ഭാഗമാണ്” – ട്രേഡ് അനലിസ്റ്റ് എബി ജോർജ് ട്വീറ്റ് ചെയ്തു.
അതേസമയം ചിത്രത്തിൻറെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകൾ. അതിൻറെ 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നുണ്ട്. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയിൽ നിന്ന് തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ടിൽ ഉണ്ട്.