വിവാഹജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടായെന്നും കഴിഞ്ഞ രണ്ടുവർഷക്കാലം താൻ ഒരുപാട് അനുഭവിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്. ഒരു അഭിമുഖത്തിലായിരുന്നു സാമന്ത തൻ്റെ ജീവിതത്തിലെ മോശം അവസ്ഥയേക്കുറിച്ച് പ്രതികരിച്ചത്.
‘വിവാഹജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയേയും ബാധിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലം ഞാൻ ഒരുപാട് അനുഭവിച്ചു. ആ സമയങ്ങളിൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയ, അതിജീവിച്ചവരെപ്പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. അവരുടെ അനുഭവകഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അതാണ് എനിക്ക് ബലമായത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമായി മാറുക എന്നത് ഭാഗ്യമാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വവും കാണിക്കണം. സത്യസന്ധരായിരിക്കണം. എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. എന്റെ വീഴ്ചകളും വേദനയും പരസ്യമായെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാർത്ഥത്തിൽ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം. എനിക്കുള്ള വേദനകളെല്ലാം ഉള്ളിൽവെച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാൻ ആശംസിക്കുകയാണ്’ എന്നാണ് താരം വ്യക്തമാക്കിയത്.
2022 അവസാനത്തോടെയാണ് നടി തന്റെ രോഗവിവരം വെളിപ്പെടുത്തിയത്. രോഗനാളുകളിൽ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ച് താരം തുറന്നുപറയുകയും ചെയ്തിരുന്നു. 2017 ഒക്ടോബറിലാണ് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. 2021 ഒക്ടോബറിൽ ഇരുവരും വിവാഹബന്ധം വേർപിരിയുകയും ചെയ്തിരുന്നു.