താര സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖിന്റെ പിൻഗാമിയായാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. അമ്മയുടെ പ്രസിഡൻ്റായി എതിരില്ലാതെ നടൻ മോഹൻലാലും തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡൻ്റ് പദവിയിൽ നിലവിൽ ഉണ്ടായിരുന്നത് ശ്വേത മേനോൻ, മണിയൻപിള്ള രാജു എന്നിവരായിരുന്നു. ഈ പദവികളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്.
അനൂപ് ചന്ദ്രനും ബാബുരാജും ജോയിൻ സെക്രട്ടറി സ്ഥാനത്തേയ്ക്കും മത്സരിക്കും. അതേസമയം രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.