സിനിമാ ജീവിതത്തിലെ ആദ്യ ഒടിടി വെബ് സീരിസുമായി നിവിൻ പോളി. ‘ഫാർമ’ എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസ് സംവിധാനം ചെയ്യുന്നത് പിആർ അരുൺ ആണ്. ഒടിടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും ‘ഫാർമ’ സ്ട്രീം ചെയ്യുക. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥ ഒരുക്കുന്നതും. മലയാളത്തിൽ ‘ഫൈനല്‍സ്’ എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ ആളാണ് പിആര്‍ അരുണ്‍.
അതേസമയം പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ സിരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്റെ ‘അഗ്നിസാക്ഷി’ എന്ന സിനിമയ്ക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. നരേൻ, ശ്രുതി രാമചന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് സീരിസിലെ മറ്റ് അഭിനേതാക്കൾ.
നൂറുകണക്കിന് യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഫാർമ’ വെബ്സീരിസ് ഒരുങ്ങുന്നത്. എന്റെ ജീവിതത്തോടും ഹൃദയത്തോടും ചേർന്നുനിൽക്കുന്ന കഥയാണിത് എന്നും പിആർ അരുൺ പറഞ്ഞു. അതേസമയം ഫാർമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പറയപ്പെടേണ്ട ഒരു കഥയാണ് ഇതെന്ന് നിവിൻ പോളിയും അഭിപ്രായപ്പെട്ടു.
‘അഗ്നിസാക്ഷി’ യിലെ കഥാപാത്രത്തിന് 25 വർഷം തികയുന്ന സാഹചര്യത്തിൽ ‘ഫാർമ’യുടെ ഭാഗമായതിൽ ആവേശമുണ്ട്. ആകാംഷയോടെയാണ് അരുണിനും ടീമിനും ഒപ്പം പ്രവർത്തിക്കുന്നത്. നിർമ്മാതാക്കളെയും അവരുടെ കഴിവിനെയും പൂർണ്ണമായും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും രജിത് കപൂർ പറഞ്ഞു. മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻസേതുകുമാർ ആണ് സീരീസിന്റെ നിർമ്മാണം. ജേക്സ് ബിജോയാണ് ഫാർമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് സീരിസിന്റെ എഡിറ്റിംഗും നിർവഹിക്കുന്നു.