ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിനേക്കാൾ വലിയ സന്തോഷത്തിലാണ് ഇപ്പോൾ നടൻ ഇന്ദ്രൻസ്. വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. 10-ാം ക്ലാസ് തുല്യതാ പഠനത്തിനാണ് ഇന്ദ്രൻസ് ചേർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ ഞായറാഴ്ചകളിലാണ് ക്ലാസ്. 10 മാസം കഴിയുന്നതോടെ 10 ക്ലാസ് പാസായതിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.
ഈ പ്രായത്തിലിനി പഠിച്ചിട്ടെന്തുകാര്യം എന്ന് ചേദിക്കുന്നവരോട് ഇന്ദ്രൻസിന് ചിലത് പറയാനുണ്ട്. ‘നാലാം ക്ലാസിൽ പഠനം അവസാനിച്ചു. അന്ന് കടുത്ത ദാരിദ്ര്യമായിരുന്നു. വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യൽപണിയിലേക്ക് തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണ് ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാക്കിയത്. നടനെന്ന നിലയിൽ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉൾവലിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ. എന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തത് കാഴ്ചയില്ലാത്തത് പോലെയാണ്. എനിക്ക് കാഴ്ച വേണം’ എന്നാണ് ഇന്ദ്രൻസ് പഠനത്തേക്കുറിച്ച് പറയുന്നത്.
ജീവിതത്തിൽ പഠിക്കാനൊരവസരം ലഭിച്ചപ്പോൾ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് താരം. വിദ്യാഭ്യാസത്തിന് പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുന്ന ഇന്ദ്രൻസ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഒതു മാതൃക തന്നെ സൃഷ്ടിച്ചിരിക്കുന്നത്.