നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോൾ കസവുമുണ്ടും മേൽമുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകൾ അണിഞ്ഞുള്ള ചിത്രങ്ങളിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹനിശ്ചയശേഷം ഇരുവരും ആരാധകരുമായി വിശേഷങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
ഇരുവരുടെയും മെഹന്തി, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. അടയാളങ്ങൾ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ സിനിമയിലേക്ക് എത്തുന്നത്. പിന്നീട്, ഡാഡി കൂൾ, ഐജി, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രണയ സരോവര തീരം, ക്രിസ്റ്റഫർ കൊളംബസ് എന്നീ ചിത്രങ്ങളാണ് താരത്തിൻറെ വരാനിരിക്കുന്നത്. 2002-ൽ ബിജുമേനോൻ നായകനായി എത്തിയ ശിവം എന്ന ചിത്രത്തിൽ ബാലതാരമായാണ് ഗോപിക അനിൽ സിനിമയിൽ എത്തുന്നത്. ബാലേട്ടൻ, മയിലാട്ടം, അകലെ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.