1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമാ ലോകത്തിന് ഒരു പുതിയ നായകനെ ലഭിച്ചു, ധർമേന്ദ്ര. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ’യിൽ ആണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്. അഭിനയ ജീവിതത്തിന്റെ 64-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ തന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് സൂപ്പർ താരം.
‘തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ’ സ്ക്രീനിൽ തെളിയുമ്പോൾ അഭിനയിച്ചിരിക്കുന്നവരുടെ പേരുകൾ എഴുതി കാണിക്കുന്നുണ്ട്. ധർമേന്ദ്രയുടെ പേര് ധർമേന്ദ്ര സിംഗ് ഡിയോൾ എന്നാണ് സ്ക്രീനിൽ കൊടുത്തിരിക്കുന്നത്. സിനിമാ ജീവിതത്തിൽ താരം ഇതുവരെ പേരിനൊപ്പം ഉപയോഗിക്കാതിരുന്ന മിഡിൽ, സർനെയിമുകളാണ് ഇപ്പോൾ പേരിനൊപ്പം ചേർത്തിരിക്കുന്നത്. ധരം സിംഗ് ഡിയോൾ എന്നാണ് ധർമേന്ദ്രയുടെ യഥാർത്ഥ പേര്.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ’യിൽ നായകനായ ഷാഹിദ് കപുറിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ധർമേന്ദ്ര എത്തുന്നത്. കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. ശ്രീറാം രാഘവൻ സംവിധാനംചെയ്യുന്ന ‘ഇക്കീസ്’ എന്ന ചിത്രമാണ് ധർമേന്ദ്രയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളിലൊന്ന്. അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. ‘അപ്നേ 2’ ആണ് ധർമേന്ദ്രയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. മകൻ സണ്ണി ഡിയോളിനൊപ്പമാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.