ബ്രിട്ടീഷ് എക്കോളജിക്കൽ സൊസൈറ്റി (ബിഇഎസ്) നടത്തിയ വർഷിക ഫോട്ടോഗ്രഫി മത്സരത്തിൽ പുരസ്കാരം സ്വന്തമാക്കി മലയാളി. ഡോ. എസ്.എസ് സുരേഷാണ് നേട്ടം സ്വന്തമാക്കിയത്. ചക്കപ്പഴം കഴിക്കുന്ന മലയണ്ണാന്റെ ചിത്രമാണ് സുരേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
നെല്ലിയാമ്പതി മലനിരകളിൽ നിന്നാണ് അവാർഡിന് അർഹമായ മലയണ്ണാന്റെ ചിത്രം സുരേഷ് പകർത്തിയത്. വേഴാമ്പലിന്റെ ചിത്രമെടുക്കാനായി നെല്ലിയാമ്പതിയിലേക്ക് കാടുകയറിയ സുരേഷിന്റെ കണ്ണ് മലയണ്ണാനിൽ ഉടക്കുകയായിരുന്നു. നിരവധി പ്ലാവുകളാൽ സമൃദ്ധമായ പ്രദേശത്ത് നിന്നും അപ്രതീക്ഷിതമായി ഒരു ക്ലിക്കും ലഭിച്ചു.
കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഓർത്തോ സർജനായിരുന്ന ഡോ. സുരേഷ് കുമാരനല്ലൂർ സ്വദേശിയാണ്. ബിഇഎസിന്റെ കഴിഞ്ഞ വർഷത്തെ ഫോട്ടോഗ്രഫി മത്സരത്തിലും വൈൽഡ് ലെൻസ് മാഗസിന്റെ ഫോട്ടോഗ്രഫി മത്സരത്തിലും റണ്ണർ അപ്പ് ആയിരുന്നു സുരേഷ്. ഫോട്ടോഗ്രഫിക്ക് പുറമെ അറുപതിലധികം അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.