മീശ പിരിച്ച് കനൽ പാറുന്ന കണ്ണുകൾ തുറന്ന് ചെരിഞ്ഞ തോളുകൊണ്ട് താടിയിലെ രോമങ്ങളിൽ കയ്യോടിച്ച് ‘പുഷ്പയെന്നാൽ ഫ്ളവർ അല്ലട ഫയറാടാ’ എന്ന് ഉറച്ച ശബ്ദത്തിൽ നായകൻ പറയുമ്പോൾ കാണുന്ന പ്രേക്ഷകനും രോമാഞ്ചം കൊണ്ടു. തെലുങ്ക് ചിത്രമാണെങ്കിലും ‘പുഷ്പ’ മലയാളം ഉൾപ്പെടെയുള്ള അന്യഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. മലയാള സിനിമ മമ്മൂട്ടിയും മോഹൻലാലും മറ്റ് യുവ താരങ്ങളും അടക്കി വാണിരുന്ന കാലത്ത് മലയാളം ഡബ്ബ് ചെയ്ത ചിത്രങ്ങളിലൂടെ എത്തി കേരളക്കര കയ്യിലെടുത്ത യുവ താരം അല്ലു അർജുന്റെ സിനിമാ ജീവിതം മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു ‘പുഷ്പ’.
ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവച്ച് ആരാധകർ പോലും പ്രതീക്ഷിക്കാത്ത ഒരു മേക്കോവർ നടത്തി അല്ലു അർജുൻ ഞെട്ടിച്ച ചിത്രം. ‘പുഷ്പ’യിലെ പുഷ്പ രാജായി ആറാടിയ താരത്തെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും തേടിയെത്തി. വില്ലനായെത്തിയ മലയാളി താരം ഫഹദ് ഫാസിൽ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയതും പുഷ്പയിലെ ബൻവർ സിംഗ് ഷെഗാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. ഏറെ ആകാംഷ നിലനിർത്തികൊണ്ടാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് തിരശീല വീണത്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യാൻ ഇനി 200 ദിവസങ്ങള്‍ കൂടി എന്ന അറിയിപ്പുമായി അണിയറ പ്രവർത്തകർ പങ്കുവച്ച കൗൺഡൗൺ പോസ്റ്ററാണ് ഇപ്പോൾ വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പങ്കുവച്ചത്. 2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലായിരിക്കും പുഷ്പ 2 തിയറ്ററുകളിലെത്തുക.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്ജുൻ ചിത്രം കൂടിയാണ് ‘പുഷ്പ2’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും ട്രെയിലറും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേസും ചേർന്നാണ് ‘പുഷ്പ 2’ നിര്‍മ്മിക്കുന്നത്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.