ബ്രഹ്മപുരം തീയണഞ്ഞതിന് പിന്നാലെ കൊച്ചിയില്‍ അദാനി പൈപ്പ്ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച. കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നതെങ്കിലും ചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതർ പറയുന്നത്.
കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ രാത്രിയോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വാതകച്ചോര്ച്ചയെന്നാണ് നിഗമനം. അറ്റകുറ്റപ്പണികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളിലും ഇന്നലെ വൈകീട്ട് മുതല്‍ രൂക്ഷഗന്ധം വ്യാപിച്ചതായാണ് വിവരം. ഇന്ന് രാവിലെയും പ്രദേശത്തെ രൂക്ഷഗന്ധം മാറിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചോര്‍ച്ച മൂലം മറ്റ് അപകടങ്ങളുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് സിറ്റി ഗ്യാസ് അധികൃതര്‍ ഉറപ്പ് നല്കി.
രാത്രിയോടെ രൂക്ഷമായ ഗന്ധം വന്നതോടെ കാക്കനാട്, കളമശേരി, കുസാറ്റ് പരിസരത്തുള്ള ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. n-Butyl Mercaptan എന്ന രാസവസ്തു പരന്നതിൻ്റെ അരോചകമായ വെളുത്തുള്ളിയുടേതിന് സമാനമായ ഗന്ധമാണ് കൊച്ചിയിലുണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.