യുഎഇയുടെ റാഷിദ് റോവർ വഹിച്ചുള്ള ജാപ്പനീസ് ലാൻഡർ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ നിർമ്മിച്ച ഐസ്പേസ് കമ്പനിചൊവ്വാഴ്ച ബഹിരാകാശ പേടകം ചന്ദ്രനെ സുരക്ഷിതമായി ഭ്രമണം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
അടുത്ത മാസം ലാൻഡിംഗ് ശ്രമത്തിന് മുന്നോടിയായാണ് ലാൻഡർ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ബഹിരാകാശ പേടകങ്ങളും പേലോഡുകളും സുസ്ഥിരമായ ഒരു ചന്ദ്ര ഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിക്കാനുള്ള നേട്ടം പ്രശംസനീയമാണ്. ഊർജ്ജ സംരക്ഷണത്തിൻ്റെ ഭാഗമായി ബഹിരാകാശ പേടകം സൂര്യൻ്റേയും ഭൂമിയുടെയും ഗുരുത്വാകർഷണം ഉപയോഗിച്ച് സഞ്ചരിക്കുകയും ചന്ദ്രോപരിതലത്തിൽ എത്തുകയും ചെയ്യുന്ന പാതയാണ് തെരഞ്ഞെടുത്തത്.
ചന്ദ്രനിലെ അറ്റ്‌ലസ് ക്രേറ്റർ മേഖലയിൽ അടുത്ത മാസം അവസാനം ലാൻഡർ എത്തിക്കാനാണ് പദ്ധതി. അതേസമയം കൃത്യമായി ലാൻഡിംഗ് തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾ പിന്നീടേ വ്യക്തമാകൂ.
ജപ്പാൻ കമ്പനിയുടെയും യുഎഇയുടെയും ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണിത്. എമിറേറ്റ്‌സിൻ്റെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പരിപാടിക്ക് വഴിയൊരുക്കുന്നതാണ് നേട്ടം. കഴിഞ്ഞ ഡിസംബർ 11ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപണം നടന്നത്.