യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് 5 മിനിറ്റിൽ ഇനി ഇൻ്റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം. ഒരു വർഷത്തെ കാലാവധിയുള്ള ലൈസൻസ് ഏതു രാജ്യത്തും ഉപയോഗിക്കാനും കഴിയും. ഓട്ടോമൊബീൽ ആൻഡ് ടൂറിങ് ക്ലബ്ബ് ഓഫിസിലോ എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ നേരിട്ടു പോയി 30 മിനിറ്റു കൊണ്ട് ലൈസൻസ് നടപടികൾ പൂർത്തിയാക്കാം. ഓൺലൈൻ വഴി അപേക്ഷിച്ചാൽ 5 ദിവസമാണ് കാലാവധി. ദുബായ് ആർടിഎ വഴിയാണ് അപേക്ഷിക്കേണ്ടത്.
ആവശ്യമായ രേഖകൾ ഏതൊക്കെ?
യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്സ് ഐഡി, പാസ്പോർട് സൈസ് ഫോട്ടോ. 197 ദിർഹം ആകെ ചെലവ് വരും. ഒറിജിനൽ ലൈസൻസ് കയ്യിൽ സൂക്ഷിക്കണം, ഡിജിറ്റൽ ലൈസൻസിന് രാജ്യാന്തര തലത്തിൽ അംഗീകാരമില്ല. ദയറ, ബർഷ എന്നിവിടങ്ങളിലെ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്നു നേരിട്ട് ലൈസൻസ് സ്വീകരിക്കാം. പോസ്റ്റ് വഴി ലഭിക്കാൻ സാധാരണ നിലയിൽ 20 ദിർഹവും അതേദിവസം ലഭിക്കാൻ 35 ദിർഹവും 2 മണിക്കൂറിൽ ലഭിക്കാൻ 50 ദിർഹവും ഫീസ് നൽകണം.
ഇൻ്റർനാഷനൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ദുബായിലും വാഹനം ഓടിക്കാം. ദുബായിലെത്തുന്ന സന്ദർശകർക്ക് ഇൻ്റർനാഷനൽ ലൈസൻസ് ഉണ്ടെങ്കിൽ കാറുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ ഉപയോഗിക്കാമെന്ന് ആർടിഎ അറിയിച്ചു. എന്നാൽ, ട്രാൻസിറ്റ് വീസയിൽ ദുബായിൽ വരുന്നവർക്ക് വാഹനം ഓടിക്കാൻ ഇൻഷുറൻസ് കമ്പനിയുടെ അനുമതി വേണം.