യുഎഇയിൽ വീസ നടപടികളിൽ ഭരണകൂടം വ്യാപക അഴിച്ചുപണിയാണ് നടപ്പാക്കിയത്. അഡ്വാൻസ്ഡ് വീസ സിസ്റ്റം എന്ന പേരിൽ ഒക്ടോബർ 2022 ൽ അവതരിപ്പിച്ച മാറ്റങ്ങൾ സമീപകാലത്ത് യുഎഇ നിയമത്തിൽ വരുത്തിയ വലിയ അഴിച്ചുപണികളിൽ ഒന്നാണ്.
വിസിറ്റ് വീസ നീട്ടിയെടുക്കൽ
യുഎഇയിൽ നിന്ന് കൊണ്ട് തന്നെ സന്ദർശക വീസ നീട്ടിയെടുക്കാൻ ഇനി കഴിയില്ല. കര മാർഗമോ വ്യോമ മാർഗമോ കപ്പൽ വഴിയോ രാജ്യത്തിന് പുറത്തുപോയി വീസ നീട്ടിയെടുത്ത ശേഷമേ യുഎഇയിൽ തിരികെ പ്രവേശിക്കാൻ സാധിക്കൂ.
ഫീസ് വർധന
വീസകൾക്കും എമിറേറ്റ്സ് ഐഡിക്കുമുള്ള നിരക്കുകൾ പുതുക്കിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം എമിറേറ്റ്സ് ഐഡി ലഭിക്കാൻ 370 ദിർഹം നൽകണം. മുൻപ് ഇത് 270 ദിർഹം ആയിരുന്നു.
5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ
സെൽഫ് സ്‌പോൺസർഷിപ്പിൽ ഒരു വ്യക്തിക്ക് യുഎഇയിൽ പല തവണ പ്രവേശിക്കാം. ഓരോ തവണയും 90 ദിവസം താമസിക്കാം. മൾട്ടിപ്പിൾ എൻട്രി വീസയിൽ വന്ന വ്യക്തിക്ക് രാജ്യത്ത് നിന്നുകൊണ്ട് തന്നെ 90 ദിവസത്തേക്ക് കൂടി വീസ പുതുക്കാനും സാധിക്കും. എന്നാൽ അതിനു ശേഷം രാജ്യത്തിന് പുറത്ത് പോയി വീസ പുതുക്കണം.
മൾട്ടിപ്പിൾ എൻട്രി വീസയ്ക്കായി അപേക്ഷിക്കാൻ കുറഞ്ഞത് 4,000 ഡോളർ ബാലൻസ് വരുന്ന കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെൻ്റ്, യുഎഇ ഹെൽത്ത് ഇൻഷുറൻസ്, ഫ്‌ളൈറ്റ് ടിക്കറ്റ് കോപ്പി, സുഹൃത്തിൻ്റെയോ കുടുംബത്തിൻ്റെയോ യുഎഇയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് എന്നിവ ഒപ്പം സമർപ്പിക്കണം.
ഓവർ സ്‌റ്റേ ഫൈൻ
വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന വ്യക്തികൾ പിഴ നൽകണം. ദുബായി വഴി രാജ്യത്തിന് പുറത്തേക്ക് പോകുന്ന വ്യക്തികൾക്കും ഇത് ബാധകമാണ്.
60 ദിവസത്തെ വീസ
60 ദിവസത്തെ വിസിറ്റ് വീസ യുഎഇയിൽ വീണ്ടും വന്നു.
എൻട്രി പർമിറ്റ്
യുഎഇ പൗരൻ്റെയോ, യുഎഇയിൽ താമസിക്കുന്ന വ്യക്തിയുടേയോ സുഹൃത്തുക്കൾക്കും കുടുംബത്തിനും ട്രാവൽ ഏജൻസിയുടെ സഹായമില്ലാതെ തന്നെ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാം. 1000 ദിർഹം നൽകിയാൽ മാത്രമേ വീസ സ്‌പോൺസർ ചെയ്യാൻ സാധിക്കൂ. ഇത് റീഫണ്ടബിളും ആണ്.