ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻ്ററികാര്യ മന്ത്രിയുമായ വി മുരളീധരൻ ഈ മാസം 15 മുതൽ 17 വരെ സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നു. ഔദ്യോഗിക പര്യടന പരിപാടികളുടെ ഭാഗമായി 15ന് ദമ്മാമിലാണ് ആദ്യമെത്തുക. പിന്നീട് 17ന് റിയാദിലെത്തും. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായി മുഖാമുഖം പരിപാടിയും ഉണ്ടാകുമെന്നാണ് വിവരം. കൂടാതെ സാമൂഹിക സംഘടനാ പ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും മന്ത്രിയെ നേരിട്ട് കാണാനും അവസരമുണ്ടാകും. നേരത്തെ പലതവണ സൗദിയിലേക്ക് വരാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതാദ്യമായാണ് മന്ത്രിയെന്ന നിലയിലും അല്ലാതെയും വി മുരളീധരൻ സൗദി സന്ദർശിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ 2022 സെപ്റ്റംബർ 10ന് സൗദിയിൽ സന്ദർശനം നടത്തിയിരുന്നു.