പുതുവര്‍ഷത്തിന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി യുഎഇ. 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് യുഎഇ ഇന്ധന വില സമിതി പ്രഖ്യാപിച്ചത്. ഡിസംബറിനേക്കാൾ പെട്രോൾ ലിറ്ററിന് 50 ഫില്‍സ് കുറഞ്ഞത് പുതുവര്‍ഷസമ്മാനമായി. ഡീസലിന് 45 ഫിൽസും കുറഞ്ഞു.
ഡിസംബറിലെ 3.18 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.67 ദിർഹം വിലവരും. സൂപ്പര്‍ 98 വില 3.30 ദിര്‍ഹത്തില്‍നിന്ന് 2.78 ദിര്‍ഹമായി കുറഞ്ഞു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ദിർഹമാണ് നിശ്ചയിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.11 ദിർഹമായിരുന്നു വില. ഡിസംബറിലെ 3.74 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 3.29 ദിർഹമായിരിക്കും ഈടാക്കുകയെന്നും വിലനിര്‍ണയ സമിതി വ്യക്തമാക്കി.
2023 ജനുവരിയിലെ പെട്രോൾ വിലയിലെ ഗണ്യമായ ഇടിവിനെ യുഎഇ നിവാസികൾ സന്തോഷത്തോടെ സ്വാഗതം ചെയ്തു “തികഞ്ഞ പുതുവത്സര സമ്മാനം” എന്നാണ് പ്രതികരങ്ങൾ. 2022 ജനുവരിക്ക് ശേഷമുള്ള പെട്രോളിന്റെ ഏറ്റവും കുറഞ്ഞ വിലയാണിത്. 2022 ജൂലൈയിൽ റീട്ടെയിൽ ഇന്ധന വില യുഎഇയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയപ്പോൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നിരക്കുകൾ ക്രമേണ കുറയുകയായിരുന്നു.